Thursday, January 23, 2025
National

കർണാടകയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ബിജെപി; കോൺഗ്രസിനെതിരെ വീണ്ടും പരിഹാസം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ, മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ബിജെപി. സംസ്ഥാനത്ത് മുസ്ലീം സംവരണം അനുവദിക്കില്ല, ലിംഗായത്ത് സംവരണം കുറയ്ക്കാനും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തുടനീളം സമാധാനം ഉറപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് ബിജെപി രാജ്യത്തിന് സുരക്ഷ ഏർപ്പെടുത്തി. എന്നാൽ കോൺഗ്രസ് അതിനെ എതിർക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തിനും ജനങ്ങളുടെ വികസനത്തിനും വേണ്ടി നൽകുന്ന പണം കോൺഗ്രസ് അവരുടേതാക്കി മാറ്റുകയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് കർണാടക ഒരു എടിഎം മെഷീൻ മാത്രമാണെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ബാഗൽകോട്ടിലെ ഹുനഗുണ്ടയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷായുടെ വാക്കുകൾ.

‘കോൺഗ്രസുകാരാകട്ടെ ലിംഗായത്തുകൾക്കായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ അവരുടെ വോട്ട് മാത്രം വേണം. ലിംഗായത്ത് സമുദായത്തിൽ നിന്ന് രണ്ട് മുഖ്യമന്ത്രിമാരെ മാത്രമാണ് കോൺഗ്രസ് കൊണ്ടുവന്നത്. എത്ര ഉറപ്പുനൽകിയാലും കോൺഗ്രസിന്റെയോ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഒരു വിലയമില്ല’. അമിത് ഷാ പറഞ്ഞു.

അതിനിടെ കർണാടകയിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് വീരശൈവ ലിംഗായത്ത് വിഭാഗം കോൺഗ്രസിനൊപ്പം ചേർന്നു. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് ലിംഗായത്തുകൾ. ജഗദീഷ് ഷെട്ടർ, ലക്ഷ്മൺ സാവഡി തുടങ്ങിയ ലിംഗായത്ത് നേതാക്കൾ അടുത്തിടെ ബിജെപി വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *