വിദ്വേഷ കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച സാധ്യമല്ല: സുപ്രിംകോടതി
ഇന്ത്യ പോലൊരു മതേതര രാജ്യത്തില്‍ വിദ്വേഷ പ്രസംഗ വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകാത്തത് വളരെ അപകടകരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.
വിദ്വേഷ പ്രസംഗങ്ങളേയും വിദ്വേഷ കുറ്റകൃത്യങ്ങളേയും നമ്മുടെ ജീവിതത്തില്‍ നിന്ന് വേരോടെ പറിച്ചുമാറ്റേണ്ടതുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ പ്രാഥമിക കടമയാണെന്നും കോടതി ഓര്‍മിപ്പിച്ചു.
മുസ്ലീമായതിന്റെ പേരില്‍ താന്‍ 2021 ജൂലായ് നാലിന് അപമാനിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതി ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. ഒരു പ്രത്യേക മതത്തില്‍പ്പെട്ടതിന് താന്‍ അപമാനിക്കപ്പെട്ടുവെന്ന് ഒരാള്‍ പൊലീസില്‍ പരാതിപ്പെടുമ്പോള്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സാഹചര്യമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംസ്ഥാനങ്ങളിലെ ഉത്തരവാദിത്തപ്പെട്ട ഓരോ ഉദ്യോഗസ്ഥരും നിയമത്തോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇല്ലെങ്കില്‍ എല്ലാവരും നിയമം കൈയിലെടുക്കുന്ന അവസ്ഥയുണ്ടാകുമെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.