Saturday, October 19, 2024
National

15 വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് എട്ടിരട്ടി ഫീസ്: വിജ്ഞാപനം പുറത്തിറങ്ങി

 

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് എട്ടിരട്ടി ഫീസ് ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് പുതിയ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നിരക്ക് ഗണ്യമായി ഉയര്‍ത്തിയത്.

വലിയ വാണിജ്യവാഹനങ്ങള്‍ക്കും സമാനമായ നിലയില്‍ കൂടുതല്‍ തുക ചെലവാകും. വിജ്ഞാപനം അനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള കാര്‍ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും. നിലവില്‍ 600 രൂപയാണ് പുതുക്കുന്നതിനുള്ള ഫീസ്. ബൈക്കുകള്‍ക്ക് നിലവില്‍ 300 രൂപയായിരുന്നത് ആയിരം രൂപ നല്‍കണം. ബസുകൾക്കും ട്രക്കുകൾക്കും നിലവില്‍ 1500 രൂപയായിരുന്നത് 12,500 രൂപ യായിരിക്കും ഈടാക്കുക എന്ന് വിജ്ഞാപനം പറയുന്നു.

രജിസ്‌ട്രേഷന്‍ പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രതിമാസം 300 രൂപയും വാണിജ്യ വാഹനങ്ങള്‍ക്ക് 500 രൂപയും പിഴയായി ഈടാക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് പ്രതിദിനം 50 രൂപ വീതം പിഴ നല്‍കേണ്ടി വരും.

സ്വകാര്യ വാഹനങ്ങള്‍ 15 വര്‍ഷം കഴിയുമ്പോള്‍ വീണ്ടും അഞ്ചുവര്‍ഷത്തേയ്ക്ക് പുതുക്കണം. തുടർന്ന് ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും വീണ്ടും പുതുക്കണം. അതേസമയം വാണിജ്യവാഹനങ്ങള്‍ എട്ടുവര്‍ഷം പൂർത്തിയായാൽ ഓരോ വര്‍ഷവും ഫിറ്റ്‌നസ് പുതുക്കണം.

Leave a Reply

Your email address will not be published.