സ്കൂൾ വിദ്യാർഥിനിക്ക് ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റു; സുപ്രീം കോടതിയിലെത്തിയ കേസ്, കണ്ടക്ടർക്ക് ശിക്ഷ
ദില്ലി: സ്വകാര്യബസിൽ നിന്ന് സ്കൂൾ വിദ്യാർഥിനി വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് കണ്ടർക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി. 2005 ഓഗസ്റ്റിൽ കോട്ടയത്ത് നടന്ന സംഭവത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യബസിൽ കോട്ടയം കാരിത്താസ് ജങ്ഷനിൽ നിന്ന് ബസ് കയറാൻ ശ്രമിച്ച പെൺകുട്ടിയ്ക്കാണ് ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. തന്റെ സഹോദരിക്കൊപ്പം ബസിൽ കയറാൻ നിൽക്കുകയായിരുന്ന പെൺകുട്ടി. ബസിലേക്ക് പെൺകുട്ടി കയറാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടർ ബെൽ അടിക്കുകയും ഡ്രൈവർ ബസ് മുന്നോട്ടടെടുക്കുകയും ചെയ്തു.
ബസിന്റെ ക്ലീനർ ഡോർ അടയ്ക്കാൻ ശ്രമിക്കവെ ബസിന്റെ പുറത്തേക്ക് വീണ പെൺകുട്ടിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻടയർ കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയുടെ സ്കൂളിലെ ടീച്ചറായിരുന്നു കേസിലെ സാക്ഷി. നരഹത്യ ശ്രമത്തിന് ബസിന്റ ഡ്രൈവറെ ഒന്നാം പ്രതിയും കണ്ടക്ർ രണ്ടാം പ്രതിയും ക്ലീനറെ മൂന്നാം പ്രതിയുമാക്കിയാണ് പൊലീസ് കേസ് എടുത്തത്. വിചാരണ കോടതി കണ്ടക്ടറിനും ക്ലീനർക്കും നാല് വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചു. എന്നാൽ ഡ്രൈവറെ വെറുതെ വിട്ടു. പ്രതികൾ നൽകിയ അപ്പീലിൽ കേരള ഹൈക്കോടതി ക്ലീനറെ വെറുതെ വിട്ടു. എന്നാൽ കണ്ടക്ടർ നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി 50000 രൂപ പിഴയും ഒരു വർഷം തടവും വിധിച്ചു. ഇതിനെതിരെയാണ് പ്രതിയായ അബ്ദുൾ അൻസർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പരിഗണിച്ച് കോടതി നരഹത്യ കുറ്റം കണ്ടക്ടറിനെതിരെ നിലനിൽക്കില്ലെന്ന് കണ്ടെത്തി.
തുടർന്ന് ഐപിസി 338 പ്രകാരം കണ്ടക്ടറിന് 75000 രൂപ പിഴയും ആറുമാസം തടവും വിധിച്ചു. ഉടനടി കീഴടങ്ങണമെന്നും നിർദ്ദേശം നൽകി. കേരള മോട്ടോർ വെക്കിൾ റൂൾസ് പ്രകാരം ബസിലെ കളക്ടർ പാലിക്കേണ്ട ചുമതലകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. യാത്രക്കാർ ബസിലേക്ക് സുരക്ഷിതമായി കയറിയെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല കണ്ടക്ടർക്കാണെന്നും ഇതിൽ വീഴ്ച്ച വരുത്തിയെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് രാജേഷ് ബിന്ദാൽ എന്നിവർ അടങ്ങിയ ബെഞ്ച് ശിക്ഷ വിധിച്ചത്. കേസിൽ സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് ഹാജരായി. പ്രതിയായ അബ്ദുൾ അൻസറിനായി അഭിഭാഷകരായ പി.വി. ദിനേഷ്, സുൾഫിക്കർ അലി എന്നിവർ ഹാജരായി.