രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി, പ്രതിദിന കേസുകൾ നാലായിരം കടന്നു
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് 4,777 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച 21,179 ആയിരുന്ന സജീവ കേസുകളുടെ എണ്ണം 23,091 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,508 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. അതേസമയം ഇന്നലെ 15 മരങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും കേരളത്തിലും നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, പുതുച്ചേരി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപക വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.