നേപ്പാളിൽനിന്നുള്ള അധിക വൈദ്യുതി ഇന്ത്യക്കു നല്കും
കാഠ്മണ്ഡു: രാജ്യത്ത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യക്കു നല്കുമെന്നു നേപ്പാൾ. ആഭ്യന്തര ഊർജവിപണി ഇതാദ്യമായാണ് ഒരു അയൽരാജ്യത്തിനായി തുറന്നുകൊടുക്കുന്നത്. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഊർജമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ത്രിശൂലി ഹൈഡ്രോപവർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന 24 മെഗാവാട്ട് വൈദ്യുതിയും ദേവീഘട്ട് പവർ ഹൗസിൽനിന്നുള്ള 15 മെഗാവാട്ട് വൈദ്യുതിയും ഉൾപ്പെടെ 39 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാൾ ഇലക്ട്രിസിറ്റി അഥോറിറ്റി(എൻഇഎ) ആദ്യഘട്ടം നല്കുക.
ഇന്ത്യയുടെ സഹായത്തോടെയാണ് ഈ പദ്ധതികൾ നേപ്പാൾ പൂർത്തിയാക്കിയത്. വൈദ്യുതി കയറ്റുമതിയോടെ രാജ്യത്തെ വൈദ്യുതി വിപണന രംഗം മറ്റൊരു ഘട്ടത്തിലേക്കു കടന്നതായി നേപ്പാൾ ഊർജ-ജല വിഭവമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ധൽകേബാർ-മുസാഫർപുർ 400 കെവി ലൈനിലൂടെയാണ് വൈദ്യുതി എത്തിക്കുക. തമാകോഷി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി 456 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചുതുടങ്ങിയതോടെയാണ് നേപ്പാൾ അധിക വൈദ്യുതി ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.
വൈദ്യുതി ഏറ്റവുമധികം വേണ്ടിവരുന്ന രാത്രി ഏഴുമുതൽ ഒരുമണിക്കൂർ നേരം 1500 മെഗാവാട്ട് വൈദ്യുതി വേണ്ടിടത്ത് രാജ്യം ഉത്പാദിപ്പിക്കുന്നത് 2000 മെഗാവാട്ട് വൈദ്യുതിയാണ്.