മണിപ്പൂർ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു; 27 പേർക്ക് പരുക്ക്
മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കൗത്രക് മേഖലയിലുണ്ടായ വെടിവെയ്പിലാണ് പൊലീസുകാരൻ കൊല്ലപ്പെട്ടത്.
ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരുക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചു.
അതിനിടെ മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ അടുത്ത വെള്ളിയാഴ്ച ചർച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിന് മുമ്പ് സമയക്കുറവുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് ഇത് എതിരാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.
അതേസമയം രാജ്യസഭയിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്കുള്ള സർക്കാർ നിർദ്ദേശം ആലോചിക്കാൻ ഇന്ത്യ സഖ്യയോഗം ഇന്ന് യോഗം ചേരും. ചട്ടം 167 പ്രകാരം പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലൂള്ള ചർച്ചയ്ക്കാണ് സർക്കാർ തയ്യാറായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചർച്ച വേണം എന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകും എന്നാണ് നേതാക്കൾ സൂചന നൽകിയത്. ഒത്തുതീർപ്പുണ്ടാക്കുന്ന കാര്യത്തിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ടായിരുന്നു.
കലാപം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും കലാപത്തിനും സംഘര്‍ഷങ്ങള്‍ക്കും മണിപ്പൂരില്‍ അയവില്ല. വ്യാഴാഴ്ച വൈകിട്ടോടെ സംസ്ഥാനത്ത് പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. പ്രതിഷേധക്കാരായ മെയ്‌തെയ് സ്ത്രീകള്‍ നിരോധിത മേഖലയില്‍ എത്തിയതാണ് ഇപ്പോഴത്തെ സ്ംഘര്‍ഷത്തിന് കാരണം. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിയാനും നിരേധിത മേഖലയിലേക്ക് കടക്കാനും ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.