ഡല്‍ഹിയില്‍ വായുമലിനീകരണം തുടര്‍ച്ചയായി നാലാം ദിവസവും ഗുരുതരമായി തുടരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി നാലാം ദിവസവും വായുമലിനീകരണം അപകടകരമായിത്തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 371 ആണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, പ്രഗതി മൈദാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്. ‘വളരെ മോശം’ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ജനങ്ങളുടെ ആരോഗ്യത്തിനും മറ്റും അപകടമുണ്ടാക്കുന്നതാണ്.
സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.
വായുമലിനീകരണം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡല്‍ഹി സര്‍ക്കാര്‍ പുതിയൊരു ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഗ്രീന്‍ ഡല്‍ഹി എന്ന പേരിലുള്ള ഈ ആപ്പ് വഴി പൗരന്മാര്‍ക്ക് മലിനീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ കഴിയും. ഈ ആപ്പ് ഉപയോഗിച്ച് നിരവധി പേര്‍ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും കൈമാറുന്നതായി മുഖ്യമന്ത്രി കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതനുസരിച്ച് നിയമനടപടികള്‍ കൈക്കൊള്ളാനും ആരംഭിച്ചിട്ടുണ്ട്.