ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിനെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; താരങ്ങള്‍ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. ആഘോഷ സമയത്ത് പ്രധാനമന്ത്രി എല്ലാവരേയും നേരിട്ട് കാണുകയും അഭിനന്ദനം അറിയിക്കുയും ചെയ്യും. വിശിഷ്ട അതിഥികളായി ആണ് താരങ്ങള്‍ ചെങ്കോട്ടയില്‍ എത്തുക. ചെങ്കോട്ടയിലെ പരിപാടിക്ക് പിന്നാലെ പ്രത്യേക വിരുന്നിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്കും സംഘത്തിന് ക്ഷണമുണ്ട്. 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ 18 കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ 228 അംഗ ശക്തമായ സംഘത്തെയാണ് അയച്ചത്.
ഇതുവരെ ഇന്ത്യ രണ്ട് മെഡലുകള്‍ നേടിയിട്ടുണ്ട്. ഒരു വെള്ളിയും ഒരു വെങ്കലവും. നിലവിലെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധു ഞായറാഴ്ച ചൈനയുടെ ഹി ബിംഗ് ജിയാവോയെ തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയിരുന്നു.
സിന്ധുവിന് മുമ്പ്, ഭാരോദ്വാഹനത്തില്‍ മീരാബായ് ചാനു 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഇനി വനിത ഹോക്കിയില്‍ അടക്കം മെഡല്‍ പ്രതീക്ഷ നിലനില്‍ക്കുകയാണ്.