Saturday, January 4, 2025
National

സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി

സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി. വിധിന്യായങ്ങളുടെ പേരില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ അപകടകരമായ സാഹചര്യമെന്ന് ജസ്റ്റിസ് ജെ.ബി.പര്‍ദിവാല. നൂപുര്‍ ശര്‍മക്കെതിരായ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് പര്‍ദിവാല.

നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ജഡ്ജിമാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക ആക്രമണം നടന്നിരുന്നു. സമൂഹ മാധ്യമ വിചാരണ ലക്ഷമണ രേഖ ലംഘിച്ചുവെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമെര്‍പ്പെടുത്തുന്നത് പാര്‍ലിമെന്റ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മ രാജ്യത്തോടാകെ മാപ്പ് പറയണമെന്നായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം.

അവരുടെ വാവിട്ട വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവര്‍ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനല്‍ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്നു നൂപുറിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു.

നൂപുര്‍ ശര്‍മ പാര്‍ട്ടിയുടെ വക്താവാണെങ്കില്‍ അധികാരം തലയ്ക്കു പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഡല്‍ഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, അവര്‍ക്ക് ഭീഷണിയുണ്ടെന്നാണോ അവര്‍ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പരാമര്‍ശം നടത്തി അവര്‍ രാജ്യമെങ്ങും വികാരങ്ങള്‍ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവര്‍ക്കാണ്. നൂപുര്‍ മാപ്പു പറഞ്ഞ് പരാമര്‍ശം പിന്‍വലിക്കാന്‍ വളരെ വൈകി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ എന്ന നിബന്ധന പറഞ്ഞാണ് അവര്‍ പരാമര്‍ശം പിന്‍വലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ കേസ് പരിഗണിച്ച ജഡ്ജിമാര്‍ക്കെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *