യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്
യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. കൊറോണിൽ കിറ്റിനുവേണ്ടി പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷനാണ് (ഡി.എം.എ) കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി രാംദേവിന് സമൻസ് അയച്ചു.
കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിക്കുകയും ചെയ്തു.
കോവിഡിനെതിരായ മരുന്നാണെന്ന പേരിൽ പതഞ്ജലിയുടെ കൊറോണിൽ കിറ്റിനുവേണ്ടി നടത്തുന്ന പ്രചരണങ്ങൾ പൊതുജനങ്ങളിൽ വൻതോതിൽ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നാണ് ഡി.എം.എയുടെ ആരോപണം. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കോവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്റെ പ്രസ്താവന വിവാദമായിരുന്നു.