‘ജനാധിപത്യത്തിലേക്കുള്ള ഏറ്റവും വലിയ തടസ്സം അഴിമതി’; നരേന്ദ്ര മോദി
ജനാധിപത്യത്തിലേക്കും നീതിയിലേക്കുമുള്ള ഏറ്റവും വലിയ തടസ്സമാണ് അഴിമതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അഴിമതിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസിന്റെ പ്രധാന ഉത്തരവാദിത്തമെന്നും മോദി. സിബിഐയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിബിഐയുടെ പ്രവർത്തനത്തിലൂടെയും സാങ്കേതികതയിലൂടെയും ജനങ്ങൾക്കിടയിലെ വിശ്വാസം വർധിപ്പിച്ചു. ഒരു കേസ് തീർപ്പാകാതെ കിടക്കുമ്പോൾ, അത് സിബിഐക്ക് വിടണമെന്ന ആവശ്യം ഉയരുന്നത് ഇതിന് ഉദാഹരണമാണ്. പ്രൊഫഷണലും കാര്യക്ഷമവുമായ സ്ഥാപനങ്ങളില്ലാതെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക സാധ്യമല്ലെന്നും, സിബിഐക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കള്ളപ്പണത്തിനും ബിനാമി സ്വത്തുക്കൾക്കും എതിരെ ബിജെപി സർക്കാർ ഇതിനകം യുദ്ധം ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരെ പോരാടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഈ സർക്കാരിന് ഉണ്ടെന്നും അഴിമതിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയാണ് സിബിഐ ചെയ്യേണ്ട പ്രധാന ദൗത്യമെന്നും മോദി കൂട്ടിച്ചേർത്തു. മുൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്നു. എന്നാല്‍ 2014ന് ശേഷം രാജ്യത്ത് അഴിമതി ഇല്ലാതായെന്നും പ്രധാനമന്ത്രി പറഞ്ഞു.