ഒക്ടോബർ വരെ സമയം നൽകും; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക ട്രാക്ടർ റാലിയെന്ന് രാകേഷ് ടിക്കായത്ത്
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് ഒക്ടോബർ മാസം വരെ സമയം നൽകുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഒക്ടോബറിലും നടപടിയുണ്ടായില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടർ റാലി നടത്തുമെന്നും ടിക്കായത്ത് പറഞ്ഞു.
അതിനിടെ റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 14 ട്രാക്ടറുകൾ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ട്രാക്ടർ റാലിക്കിടെ നടന്ന അക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.
കർഷക പ്രക്ഷോഭം ഇന്നും പാർലമെന്റിനെ പ്രക്ഷുബ്ധമാക്കും. പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകിയിട്ടുണ്ട്. ചർച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇരുസഭകളും ഇന്നലെ ബഹളത്തിൽ മുങ്ങിയിരുന്നു.