ആമസോണും റിലയന്‍സും കടുത്ത മത്സരത്തിലേക്ക്; ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ലക്ഷ്യം
ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി ആമസോണും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍) തമ്മില്‍ നടക്കുന്ന പോരാട്ടം ഈ വര്‍ഷം കൂടുതല്‍ ശക്തമാകും എന്ന് വിദഗ്ധര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, റിലയന്‍സിനെ പോലെ തന്നെ ആമസോണ്‍ ഇതിനായി നിരവധി കമ്പനികളില്‍ നിക്ഷേപം നടത്തുകയാണ്.
ഫിന്‍ടെക് കമ്പനികളായ അക്കോ, ക്യാപിറ്റല്‍ ഫ്ളോട്ട്, എംവാന്റേജ്, ടോണ്‍ടാഗ്, വില്‍പ്പനക്കാരായ കല്‍ഡ്ടെയില്‍, അപ്പാരിയോ, ധനകാര്യ സേവന കമ്പനിയായ ബാങ്ക്ബസാര്‍, പുസ്തക പ്രസാധകരായ വെസ്റ്റ് ലാന്‍ഡ്, ഹോം സര്‍വീസസ് കൊടുക്കുന്ന ഹൗസ്ജോയ്, ബസ് അഗ്രഗേറ്റരായ ഷട്ടില്‍, ഓള്‍ ഇന്‍ വണ്‍ അഗ്രഗേറ്റര്‍ അപ്ലിക്കേഷന്‍ ടാപ്സോ എന്നിവ ഇങ്ങനെ ആമസോണ്‍ നിക്ഷേപം നടത്തിയ കമ്പനികളില്‍ പെടുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഓണ്‍ലൈന്‍ ഫ്ലൈറ്റ് ടിക്കറ്റുകള്‍, ഫുഡ് ഡെലിവറി, ഇഫാര്‍മസി, വിദ്യാഭ്യാസം എന്നിവയിലേക്ക് ആമസോണ്‍ തങ്ങളുടെ സര്‍വീസ് വ്യാപിപ്പിച്ചിട്ടുണ്ട്. റിലയന്‍സാകട്ടെ ആമസോണ്‍ ഫാര്‍മസിയെ ചെറുക്കുന്നതിനായി ഓണ്‍ലൈന്‍ ഫാര്‍മസിയായ നെറ്റ്മെഡ്സില്‍ നിക്ഷേപം നടത്തി. കൂടാതെ ആമസോണ്‍ ഫുഡിനെ നേരിടാന്‍ ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പ് ഗ്രാബ് വാങ്ങി. പിന്നെ ജിയോ ടിവിയും സിനിമയും പുറത്തിറക്കി. മ്യൂസിക് സ്ട്രീമിംഗില്‍ ആമസോണിനെ നേരിടുന്നതിനായി സാവണ്‍ എന്ന ആപ്ലിക്കേഷന്‍ സ്വന്തമാക്കി. ഇന്ത്യയുടെ 33 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ വിപണിയില്‍, ആമസോണും ഫ്ലിപ്കാര്‍ട്ടും 81% വിപണി വിഹിതം നിലവില്‍ നിയന്ത്രിക്കുന്നു. 2020ല്‍ ഈ മേഖലയില്‍ റിലയന്‍സിന്റെ വിപണി വിഹിതം 1% മാത്രമായി കണക്കാക്കപ്പെടുന്നു.