നാവിക സേനയുടെ പുതിയ പതാക; പ്രത്യേകതകൾ…
നാവിക സേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് പുതിയ പതാകയും അനാച്ഛാദനം ചെയ്തത്. നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം നാലാം തവണയാണ് നാവിക സേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
നാവിക സേനയുടെ പുതിയ പതാക സമ്പന്നമായ ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായതായിരിക്കും. മാത്രവുമല്ല ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തെ ചരിത്രത്തിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് നാവികസേനയുടെ പതാകയിൽ മാറ്റം വരുത്തുന്നത്. 10 ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ കൊളോണിയൽ കാലത്തിന്റെ അവശേഷിപ്പുകൾ എടുത്തുനീക്കുന്നതിനായി വിപുലമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നത്. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മറാത്താ സാമാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാവികസേനയുടെ പുതിയ പതാക. പതാകയുടെ വലതുവശത്ത് മുകളിലായി ദേശീയപതാകയും ഇടതുവശത്ത് നീല അഷ്ടഭുജാകൃതിയിലുള്ള ചിഹ്നത്തിനുള്ളിൽ നങ്കൂരവും അതിന് മുകളിലായി ദേശീയ ചിഹ്നവും ഇരിക്കുന്ന രീതിയിലാണ് പതാക ഡിസൈൻ ചെയ്തിരിക്കുന്നത്.
നാവികസേനയുടെ ഷീൽഡും ആപ്തവാക്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവനാഗരി ലിപിയിലുള്ള ‘ ശം നോ വരുണ:’ നാവികസേനയുടെ ആപ്തവാക്യവും ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യവും പതാകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടു ദിക്കുകളിലേക്കും എത്താനുള്ള നാവികസേനയുടെ ശേഷിയും അവരുടെ പ്രവർത്തന മികവിനേയുമാണ് മുദ്രണത്തിലെ എട്ട് ദിശകൾ അടയാളപ്പെടുത്തുന്നത്. ഛത്രപതി ശിവാജി മഹാരാജിന്റെ രാജമുദ്രയാണ് ഇരട്ട സ്വർണ അരികുകളോട് കൂടിയ അഷ്ടഭുജാകൃതിയിലുള്ള ചിഹ്നം. ഭാഗ്യം, നിത്യത, നവീകരണം, എല്ലാ ദിശകളിൽ നിന്നും പോസിറ്റീവ് ഊർജ്ജം എന്നിവയാണ് എട്ട് ദിക്കുകളും പ്രതിനിധാനം ചെയ്യുന്നത്.
വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനവും ലംബവുമായ ചുവന്ന വരകളും ഇവ സമാഗമിക്കുന്ന സ്ഥലത്ത് അശോക സ്തംഭവും ഇടതുവശത്ത് മുകളിലായി ദേശീയ പതാകയും ആലേഖനം ചെയ്തതായിരുന്നു ഇതിനു മുമ്പുള്ള പതാക. അത് ഇംഗ്ലണ്ടിന്റെ ദേശീയ പതാകയുമായി സാമ്യമുള്ളതാണ്. തിരശ്ചീനവും ലംബവുമായ ചുവന്ന വരകൾ സെന്റ് ജോർജ്ജിന്റെ പ്രതീകപ്പെടുത്തുന്നതാണ്. സെന്റ് ജോര്‍ജ് ക്രോസെന്നാണ് ഇത് അറിയപ്പെടുന്നത്. അത് കൊളോണിയൽ ഭൂതകാലത്തിന്റെതാണ്.
സ്വാതന്ത്ര്യാനന്തരം, 1947 ഓഗസ്റ്റ് 15 ന്, ഇന്ത്യൻ പ്രതിരോധ സേന ബ്രിട്ടീഷ് കൊളോണിയൽ പതാകകളും ബാഡ്ജുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. 1950 ജനുവരി 26 ലാണ് ഇന്ത്യാവൽക്കരിച്ച പാറ്റേണിലേക്ക് മാറുന്നത്. അന്ന് നാവികസേനയുടെ ചിഹ്നവും പതാകയും മാറ്റി. എന്നാൽ പതാകയിൽ വരുത്തിയ ഒരേയൊരു വ്യത്യാസം യൂണിയൻ ജാക്കിന് പകരം ത്രിവർണ്ണ പതാക നൽകി, സെന്റ് ജോര്‍ജ് ക്രോസ് നിലനിർത്തി എന്നതാണ്.