പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ്; ക്വാറി ഉടമകൾ നൽകിയ അപ്പീലിൽ സുപ്രിം കോടതി ഇന്ന് അന്തിമവാദം കേൾക്കും
പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകൾ നൽകിയ അപ്പീലിൽ സുപ്രിം കോടതി ഇന്ന് അന്തിമവാദം കേൾക്കും. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്ന് സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം അറിയിച്ചിട്ടുണ്ട്. നിലവിലെ വസ്തുതകൾ കണക്കിലെടുത്ത് 1964 ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വരുമെന്നാണ് സംസ്ഥാനം വ്യക്തമാക്കിയത്.
കേസിൽ ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നു സംസ്ഥാനം അറിയിച്ചപ്പോൾ ആണ് സത്യവാങ് മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ഹർജിക്കാർ ആവശ്യപ്പെട്ട സ്റ്റേ സുപ്രിം കോടതി അനുവദിച്ചില്ല.
ബന്ധപ്പെട്ട ഉചിത അധികാരികളിൽ നിന്നും എല്ലാ അനുവാദവും ലഭിച്ച ശേഷമാണ് പട്ടയ ഭൂമിയിൽ ഖനനം നടത്തിയതെന്നാണ് ഹർജിക്കാരുടെ വാദം.
സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ് ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ വശങ്ങളും പരിഗണിയ്ക്കേണ്ടതുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കുകയും ചെയ്തു.