പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്ര മന്ത്രിസഭ; ആദരസൂചകമായി രണ്ടുമിനിറ്റ് മൗനം ആചരിച്ചു
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനമാചരിച്ചു. തുടര്‍ന്ന് സഭ അനുശോചനപ്രമേയം പാസാക്കി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മികവുറ്റ പാര്‍ലമെന്ററിയനെയും സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും കേന്ദ്ര വിദേശകാര്യം, പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളില്‍ മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്ന അദ്ദേഹം സമാനതകളില്ലാത്ത ഭരണപരിചയത്തിന്റെ ഉടമയായിരുന്നു.
പ്രണബ് മുഖര്‍ജി രാജ്യത്തിന് നല്‍കിയ സേവനങ്ങളെ ആദരിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ കേന്ദ്രമന്ത്രിസഭ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ പേരിലും രാജ്യത്തിന്റെ പേരിലും അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.