മത്തായിയുടെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു; മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും
തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാർ കുടപ്പനയിലെ മത്തായി കസ്റ്റഡി മരണക്കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ അന്വേഷണസംഘം എഫ്ഐആർ സമർപ്പിച്ചു. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഇതിനായി സർക്കാരിന് സിബിഐ കത്തു നൽകി.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുക. മൂന്ന് ഫോറൻസിക് ഡോക്ടർമാർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തണമെന്നുമാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
ജൂലൈ 28നാണ് വനംവകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് നൽകിയത്.