Friday, April 11, 2025
National

മണിപ്പൂർ ലൈംഗികാതിക്രമം: ഇരകളുടെ മൊഴിയെടുക്കാൻ സിബിഐക്ക് താത്കാലിക വിലക്ക്

മണിപ്പൂർ ബലാത്സംഗക്കേസിലെ ഇരകളുടെ മൊഴിയെടുക്കുന്നതിന് സിബിഐക്ക് താത്കാലിക വിലക്ക്. സുപ്രീം കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൊഴിയെടുക്കരുതെന്നാണ് നിർദേശം. കേസ് രണ്ട് മണിക്ക് പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഇരകളുടെ മൊഴി രേഖപ്പെടുത്താൻ ഇന്ന് ഉച്ചയ്ക്ക് സിബിഐ എത്തുമെന്ന് അഭിഭാഷകൻ നിസാം പാഷ കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ ഹാജരാണെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി പരിഗണിക്കുന്നതിനാൽ, കോടതി തീരുമാനത്തിനായി കാത്തിരിക്കാനുള്ള സന്ദേശം സിബിഐയെ അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിർദ്ദേശിച്ചു.

മണിപ്പൂരിലെ അക്രമസംഭവങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ എന്നിവയെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസ് അന്വേഷിക്കാനും ഇരകളുടെ മൊഴി രേഖപ്പെടുത്താനും സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെയോ ഉന്നതതല സമിതിയെയോ നിയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്.

അതേസമയം, പീഡനത്തിനിരയായ സ്ത്രീകളും തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ഈ വിഷയത്തിലും സുപ്രീം കോടതിയിൽ വാദം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *