തമിഴ്‌നാട്ടിലും കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തമിഴ്‌നാട്ടില്‍ വിവിധിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തേനി ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. തീരമേഖലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങുന്നതിന് നിയന്ത്രണമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും തെക്കന്‍ കേരളത്തിന്റെ സമീപ പ്രദേശങ്ങളിലും മഴ അതിശക്തമാണ്. കന്യാകുമാരിയില്‍ 84 മില്ലീമീറ്ററും പാളയംകോട്ടയില്‍ 19 മില്ലീമീറ്ററും മഴ ലഭിച്ചു.
മറ്റന്നാള്‍ വടക്കന്‍ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മഴ തുടരുന്നത് പ്രതിസന്ധിയുണ്ടാക്കും. ദുരന്ത സാധ്യതകള്‍ മുന്നില്‍ക്കണ്ട് കരുതല്‍ വേണം. മലയോര മേഖലയിലെ രാത്രിയാത്ര പരമാവധി ഒഴിവാക്കണം. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മാറ്റിപ്പാര്‍പ്പിക്കണം. എന്‍ഡിആര്‍എഫിനെയും സംസ്ഥാന സേനകളെയും ഉള്‍പ്പെടുത്തി കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.