വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു; മൂന്ന് പേര്‍ പിടിയില്‍: പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന
ചെന്നൈ: തമിഴ്നാട്ടിലെ അഭയകേന്ദ്രം വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് അഭയകേന്ദ്രത്തിലെ നടത്തിപ്പുകാര്‍ കുട്ടികളെ വിറ്റത്.
സംഭവത്തില്‍ മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഇദയം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.ആര്‍ ശിവകുമാര്‍ ഒളിവിലാണ്. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അഭയകേന്ദ്രത്തില്‍ നിന്ന് ഒരു വയസുള്ള കുട്ടി അടക്കം രണ്ടു കുട്ടികളെയാണ് രക്ഷിച്ചത്. വ്യാജരേഖ ഉണ്ടാക്കി രണ്ടു ദമ്പതികള്‍ക്കാണ് ഇവര്‍ കുട്ടികളെ കൈമാറിയത്. ജൂണ്‍ 13-നും 16-നുമാണ് കുട്ടികളെ കൈമാറിയത്. ഇതിന് ഇദയം ട്രസ്റ്റിന് സംഭാവന നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ആശുപത്രിയായ രാജാജി ആശുപത്രിയില്‍ ഒരു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്തയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി.
കുട്ടിയെ സംസ്‌കരിച്ചതായി വ്യാജരേഖകള്‍ ഉണ്ടാക്കിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഭയ കേന്ദ്രത്തില്‍ താമസിക്കുന്ന ഈശ്വരയ്യയുടെ കുട്ടി കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് വ്യാജരേഖ ഉണ്ടാക്കിയത്.
അമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കുട്ടിയെ സംസ്‌കരിച്ച സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയും അമ്മയെ വിശ്വസിപ്പിക്കാന്‍ ശ്രമം നടന്നതായും പൊലീസ് പറയുന്നു. 75 വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട രേഖയിലാണ് കൃത്രിമം നടത്തിയതെന്ന് പൊലീസ് പറയുന്നു.