‘യുപിയിൽ മാഫിയ രാജ് ഇല്ല, സാധാരണക്കാരും സ്ത്രീകളും വിദ്യാർത്ഥികളും സുരക്ഷിതർ’; യോഗി ആദിത്യനാഥ്
ബിജെപി സർക്കാർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സബ്കാ സാത്ത് സബ്കാ വികാസ് എന്ന അടിസ്ഥാന മന്ത്രവുമായാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് ‘മാഫിയ രാജ്’ ഇല്ലെന്നും അഭിമാനത്തോടെ കറങ്ങിനടന്ന ഗുണ്ടകൾ ഇപ്പോൾ കഴുത്തിൽ പ്ലക്കാർഡുകളുമായി ദയയ്ക്കായി കേഴുകയാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മേയ് 4, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, മൊറാദാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി സർക്കാർ പ്രീണനത്തേക്കാൾ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 60 വർഷം കൊണ്ട് പ്രതിപക്ഷത്തിന് ചെയ്യാൻ കഴിയാത്തത് മോദി സർക്കാർ 9 വർഷം കൊണ്ട് പൂർത്തിയാക്കിയെന്നും യോഗി അഭിപ്രായപ്പെട്ടു.
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആയുഷ്മാന്റെ കീഴിലാണ് സൗജന്യ ചികിത്സ നടത്തുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിരാലംബർക്കും ദരിദ്രർക്കും അശരണർക്കും വീടുകൾ നൽകുന്നുണ്ട്. ടോയ്‌ലറ്റുകൾ നിർമിക്കുന്നുണ്ട്. ഉജ്ജ്വല പദ്ധതി പ്രകാരം എല്ലാ വീടുകളിലും എൽപിജി സിലിണ്ടറുകൾ എത്തിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ ഇരുട്ട് നീക്കി 24 മണിക്കൂർ വൈദ്യുതി നൽകുമെന്ന വാഗ്ദാനം സർക്കാർ നിറവേറ്റിയെന്നും യോഗി.
യുപി ആരുടെയും സ്വത്തല്ലെന്ന് ക്രമസമാധാന വിഷയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഇപ്പോൾ യുപിയിൽ മാഫിയ രാജ് ഇല്ല. ആരും കൊള്ളയടിക്കുകയോ മോചനദ്രവ്യമോ ആവശ്യപ്പെടുന്നില്ല. സംസ്ഥാനത്ത് സാധാരണക്കാരും സ്ത്രീകളും വിദ്യാർത്ഥികളും സുരക്ഷിതരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.