ട്രെയിലർ റിലീസ് ചെയ്തത് പ്രേക്ഷകർ; ധനുഷിന്റെ ‘മാരൻ’ ഒടിടിയിൽ
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്- കാർത്തിക് നരേൻ ചിത്രം മാരന്റെ ട്രൈലർ എത്തി. ട്വിറ്റർ അൺ ലോക്ക് ഫീച്ചറിലൂടെ ആദ്യമായി ട്രെയിലർ പങ്കുവയ്ക്കുന്ന തമിഴ് ചിത്രമായി മാരൻ മാറിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സെലിബ്രിറ്റികൾ റിലീസ് ചെയ്യുക എന്ന പതിവിന് വിപരീദമായി പ്രേക്ഷകർക്കും ട്രെയിലർ പുറത്തുവിടാനുള്ള അവസരം ഇതിലൂടെ അണിയറ പ്രവർത്തകർ ഒരുക്കി.
മാർച്ച് 11ന് ഡിസ്നി-ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. മാധ്യമപ്രവർത്തകനായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറൽ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമുദ്രക്കനി, കൃഷ്ണകുമാർ, ആടുകളം നരേൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘മാരനി’ലെ ഗാനം ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
‘ധ്രുവങ്ങൾ പതിനാറ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് കാർത്തിക് നരേൻ. ‘മാഫിയ ചാപ്റ്റർ 1’ എന്ന ചിത്രമാണ് നരേൻ സംവിധാനം ചെയ്തത്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലും കാർത്തിക് നരേൻ ഭാഗമായി. ‘പ്രൊജക്റ്റ് അഗ്‌നി’ എന്ന ഭാഗമാണ് കാർത്തിക് നരേൻ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ‘വാത്തി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ധനുഷ്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി പ്രദർശനത്തിനെത്തും.