വിജയ്ക്ക് റഹ്മാൻ്റെ പാട്ട് ഇഷ്ടപ്പെട്ടില്ല; മാറ്റി ചെയ്യേണ്ടി വന്നു: സംഭവിച്ചത് വെളിപ്പെടുത്തി നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍
ദളപതി വിജയ്-ഏആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക പാട്ടുകളും തരംഗമായി മാറിയിരുന്നു. വിജയുടെ നിരവധി സിനിമകള്‍ക്കായി പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് റഹ്മാന്‍. മെലഡി ഗാനങ്ങളും ഫാസ്റ്റ് സോംഗ്‌സും അടക്കം ഈ കൂട്ടുകെട്ടില്‍ ആരാധകര്‍ ഏറ്റെടുത്തു. ഏറ്റവുമൊടുവിലായി ബിഗില്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രത്തിന് വേണ്ടിയാണ് റഹ്മാന്‍ പാട്ടുകള്‍ ഒരുക്കിയത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തില ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദളപതി വിജയുടെ അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിനും ഏആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ശ്രിയ ശരണ്‍, സന്താനം, ആശിഷ് വിദ്യാര്‍ത്ഥി, ഗീത ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സംവിധായകന്‍ ഭരതന്‍ ഒരുക്കിയ സിനിമ നിര്‍മ്മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനാണ്. അതേസമയം ചിത്രത്തിന് ഏആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ട് വിജയ്ക്ക് ഇഷ്ടപ്പെടാതെ പോയ സംഭവം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വര്‍ഗചിത്ര അപ്പച്ചന്‍ വെളിപ്പെടുത്തിയിരുന്നു.
അഴകിയ തമിഴ് മകന് വേണ്ടി റഹ്മാന്‍ ആദ്യം ഒരുക്കിയ ഇന്‍ട്രോഡക്ഷന്‍ സോംഗ് വിജയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും പിന്നീട് ആ പാട്ട് മാറ്റി കമ്പോസ് ചെയ്യുകയായിരുന്നു എന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. പാട്ട് വിജയ്ക്ക് ഇഷ്ടപ്പെട്ടില്ല,. പക്ഷേ ഏആര്‍ റഹ്മാനോട് പാട്ട് മാറ്റി കമ്പോസ് ചെയ്യണമെന്ന് എനിക്ക് പറയാനും കഴിഞ്ഞില്ല, ഞാന്‍ യഥാര്‍ത്ഥത്തില്‍ പെട്ടുപോയിരുന്നു.
റഹ്മാന്‍ തന്ന സിഡിയുമായി വിജയുടെ വീട്ടില്‍ പോയി. പാട്ട് കേട്ട് ഇത് വേണ്ട സര്‍ ഇത് ശരിയായി വരില്ല എന്നായിരുന്നു വിജയ് പറഞ്ഞത്. അത് ഒരു സ്‌ളോ മൂഡിലുളള പാട്ട് ആയിരുന്നു. വിജയ്ക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞതോടെ ഞാന്‍ ആകെ പെട്ടുപോയി. മാറ്റി ചെയ്യാന്‍ റഹ്മാനോട് പറയാം എന്ന് ഞാന്‍ എന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞുപോയി, ആരും അത് പറയില്ല.
ഇത് കേട്ട് വേറെ പാട്ട് അദ്ദേഹം ചെയ്യുമോ എന്നാണ് വിജയ് ചോദിച്ചത്. ചോദിച്ച് നോക്ക് ,കിട്ടില്ല എന്ന് വിജയ് പറഞ്ഞു. തുടര്‍ന്ന് രണ്ടുംകല്‍പ്പിച്ച് റഹ്മാനെ കണ്ട് കാര്യം പറയുകയായിരുന്നു. ഇന്‍ഡ്രൊഡക്ഷന്‍ സോംഗ് ഹീറോയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പേടിച്ച് പേടിച്ച് റഹ്മാനോട് പറഞ്ഞു. ഹീറോയ്ക്കാണോ നിങ്ങള്‍ക്കാണോ ഇഷ്ടപ്പെടാത്തത് എന്ന് റഹ്മാന്‍ തിരിച്ചുചോദിച്ചു. എനിക്കും ഇഷ്ടപ്പെട്ടില്ലെന്ന് ഞാന്‍ പറഞ്ഞു.
തുടര്‍ന്ന് മാറ്റി ചെയ്യണോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ ഗെറ്റ് ഔട്ട് അടിച്ചാലോ എന്ന് പേടിച്ച് ഞാന്‍ മറുപടി കൊടുത്തില്ല. ഡപ്പാംകൂത്ത് പോലെ ഒന്നും ചെയ്യില്ലെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്. അവസാനം പാട്ട് എഴുതിതന്നാല്‍ കമ്പോസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. മരിച്ചുപോയ തമിഴ് ഗാനരചയിതാവ് വാലിയോട് കഥ പറഞ്ഞ് പാട്ട് എഴുതാന്‍ പറഞ്ഞു. അഡ്വാന്‍സ് കൊടുത്തു. പ്രശ്‌നം ഒരു പരിധി വരെ പരിഹരിച്ചു.
എന്നാല്‍ പിന്നെ ഒരു വിവരവും ഇല്ല. പാട്ട് എഴുതി വാലി നേരെ റഹ്മാന് കൊടുത്തു. ഒരുദിവസം റഹ്മാന്‍ വിളിച്ച് വരാന്‍ പറഞ്ഞു. പാട്ട് കമ്പോസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് സിഡി തന്നു. സിഡിയും കൊണ്ട് വിജയയുടെ വീട്ടില്‍ പോയി. ഡയറക്ടര്‍ ഭരതനൊപ്പം വിജയുടെ വീട്ടില്‍ നിന്ന് പാട്ട് കേട്ടു. വിജയ് ഒന്നും മിണ്ടിയില്ല. ഇഷ്ടപ്പെട്ടു എന്ന് തലകുലുക്കുക മാത്രം ചെയ്തു. അങ്ങനെയാണ് എല്ലാ പുകഴും ഒരുവന്‍ എന്ന ഹിറ്റ് ഗാനം പിറന്നത്, അഭിമുഖത്തില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.