Sunday, April 13, 2025
Movies

‘എനിക്കുമുണ്ട് അഭിപ്രായസ്വാതന്ത്ര്യം, മറ്റൊരാളെ നമ്മളെ പോലെ കാണുന്ന ഹ്യുമാനിറ്റിയാണ് എന്റെ രാഷ്ട്രീയം’: അഹാന

ലോക്ക്ഡൗൺ സംബന്ധിച്ച വിവാദമായ ഇൻസ്റ്റഗ്രാം സ്റ്റോറിയെക്കുറിച്ചും സൈബർ ബുള്ളിയിങിനെ കുറിച്ചും പ്രതികരണവുമായി നടി അഹാന കൃഷ്ണ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അഹാന നിലപാട് വ്യക്തമാക്കിയത്.

ഒരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് പങ്കുവച്ചത്. അല്ലാതെ സ്വന്തം അഭിപ്രായം ഇതാണെന്ന് പറഞ്ഞ് ഒരു പബ്ലിക് പോസ്റ്റ് ഇട്ടതല്ല. ഈ സ്റ്റോറി എന്ന് പറയുന്നത് ആനക്കാര്യമാണെന്നും അതിന് ഇത്രയധികം കാഴ്ചക്കാർ ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. അതൊരു സ്റ്റോറി മാത്രമാണ്. വെറും 24 മണിക്കൂർ മാത്രം ആയുസ്സുള്ളത്. അതുപോലും മനസ്സിലാക്കാതെ ചിലർ താൻ പേടിച്ച് ഡിലീറ്റ് ചെയ്തു എന്നൊക്കെ പറയുന്നത് കണ്ടെന്ന് അഹാന പ്രതികരിച്ചു.

”ഒരു വിശദീകരണം നൽകാൻ ‍താൽപര്യപ്പെടുന്നില്ല. സോഷ്യൽ മീഡിയയിൽ എത്രയോ പേർ അഭിപ്രായങ്ങളും ഇഷ്ടങ്ങളുമൊക്കെ പറയുന്നു. എല്ലാവരോടും വിശദീകരണം ചോദിക്കാറുണ്ടോ? എത്രയോ പേർ രാഷ്ട്രീയ നേതാക്കളെയൊക്കെ മോശമായി പരസ്യമായി പച്ചക്ക് പറയുന്നു. അവരോടൊന്നും ആരും വിശദീകരണം ചോദിക്കാത്തത് എന്തുകൊണ്ടാ? ഞാൻ സ്റ്റോറിയിൽ ആരെക്കുറിച്ചും മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്ന എത്രയാളുകളാണ് ഇവിടെയുള്ളത്. അഭിപ്രായം സ്വാതന്ത്യം നിങ്ങൾക്കുള്ളത് പോലെ എനിക്കുമുണ്ട്. നിങ്ങൾ എന്നോട് യോജിച്ചാലും വിയോജിച്ചാലും എനിക്ക് കുഴപ്പമില്ല. നിങ്ങളോട് വന്ന് ഞാൻ ചോദിക്കുന്നുണ്ടോ? അതിനോട് നിങ്ങൾ യോജിക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല”- അഹാന വ്യക്തമാക്കി.

ഒരു പെൺകുട്ടി പറഞ്ഞതുകൊണ്ടുകൂടിയാവും ഇതിത്ര വിഷയമായതെന്നും അഹാന പറയുന്നു. സമൂഹത്തിൽ സ്ത്രീവിരുദ്ധത ഉണ്ട്. കാര്യമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ പോസ്റ്റ് ആയിട്ട് ഞാൻ ഇടും. സ്റ്റോറിക്ക് ആരൊക്കെയോ എടുത്ത് എന്തൊക്കെയോ അർഥം കൊടുത്തു. തിരുവനന്തപുരത്ത് റോഡിന്റെ നടുക്ക് പന്തലിട്ട് ​നമുക്ക് കൂടിചേരാം എന്നൊക്കെ പറഞ്ഞതുപോലെയാണ്. ഇത്തരം മസാലകൾ അതിൽ ചേർത്ത കൊണ്ടാണ് ഈ കളിക്കില്ലെന്ന് പറഞ്ഞ് മാറിനിന്നത്. ഈ കോവിഡൊക്കെ മാറുന്നത് വരെ സെപ്തംബർ വരെയൊക്കെ കർശനമായ ലോക്ക്ഡൗൺ വേണമെന്നൊക്കെ ആ​ഗ്രഹിച്ചയാളാണ് താൻ. പച്ചക്കറി വാങ്ങാൻ പോലും പുറത്തുപോകാറില്ല. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയൊക്കെ പരി​ഗണിച്ചാവും ലോക്ക്ഡൗൺ നീക്കിയതെന്നാണ് കരുതുന്നുത്. തേങ്ങ വീണാലും അത് പോലും രാഷ്ട്രീയമാണ് ഇന്നത്തെ കാലത്ത്. എന്നാൽ ഹ്യുമാനിറ്റിയാണ് തന്റെ രാഷ്ട്രീയമെന്നും അഹാന പറഞ്ഞു.

സൈബർ ആക്രമണത്തിനുള്ള ഒരു പ്രതികരണമായിട്ടായിരുന്നില്ല വീഡിയോ ചെയ്തതെന്നും അഹാന പറയുന്നു. അത്തരത്തിലുള്ള ഒരു അനുഭവത്തിലൂടെ കടന്നുപോയപ്പോൾ അതെന്താണെന്ന് മനസ്സിലാക്കാൻ പറ്റി എന്ന് മാത്രമാണെന്നും അഹാന വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *