മോഹന്‍ലാൽ ഇന്നും തിളങ്ങി നിൽക്കാൻ കാരണം മമ്മൂട്ടി, സൂപ്പർ താരങ്ങളെ കുറിച്ച് ഫാസിൽ
മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ., മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ വിജയ ചിത്രങ്ങളിൽ ഫാസിൽ സിനിമകൾക്കുള്ള സ്ഥാനവും വലുതാണ്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ സിനിമയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ വിജയ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു.
മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഫാസിലിനുള്ളത്. ഇപ്പോഴിത താരരാജാക്കന്മാരെ കുറിച്ചും അവരെ വെച്ചുളള സിനിമകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഫാസില്‍.
മമ്മൂട്ടി ഞാന്‍ അവതരിപ്പിച്ച മിമിക്രി നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹം വലിയ സ്റ്റാറായ സമയത്ത് ഒരിക്കല്‍ വീട്ടില്‍ വന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ഞാനെഴുതിയപ്പോഴും എന്റെ മനസില്‍ മോഹന്‍ലാലായിരുന്നു. ആ ചിത്രത്തില്‍ മറ്റൊരു വേഷത്തിലേക്ക് ഞാന്‍ മമ്മൂട്ടിയെ വിളിച്ചപ്പോള്‍, കുറെ ചിത്രങ്ങള്‍ തീര്‍ക്കാനുണ്ടായതിനാല്‍ അദ്ദേഹത്തിന് സഹകരിക്കാനായില്ല. ഗേളിയെ തിരിച്ചറിയുന്ന, അവള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന രോഗിയാണെന്ന സത്യം ലാലിന്റെ കഥാപാത്രത്തോട് പറയുന്ന ആ വേഷം പിന്നീട് ഞാന്‍ തന്നെ ചെയ്യുകയായിരുന്നു. പൂവിന് പുതിയ പൂന്തെന്നലാണ് മമ്മൂട്ടിയെ നായകനാക്കി ആദ്യം ചെയ്ത ചിത്രം. മറുഭാഗത്ത് മമ്മൂട്ടി ഉളളതുകൊണ്ടാണ് ഇന്നും മോഹന്‍ലാലിന് ഇത്രയും തിളങ്ങാന്‍ സാധിക്കുന്നത്. മോഹന്‍ലാല്‍ ഒപ്പം തന്നെ രംഗത്തുളളതാണ് മമ്മൂട്ടിയുടെ വിജയവും.
ലൂസിഫര്‍, മരക്കാര്‍ എന്നിങ്ങനെ താന്‍ അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചും ഫാസില്‍ വ്യക്തമാക്കുന്നു. ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞപ്പോള്‍, അയാള്‍ക്ക് ആ ചിത്രത്തോടുളള താത്പര്യം കണ്ടപ്പോള്‍ സമ്മതിക്കുകയായിരുന്നു. കുഞ്ഞാലി മരക്കാറില്‍ പ്രിയന്റെ സ്‌നേഹത്തിന് വഴങ്ങേണ്ടി വന്നു. ആദ്യ മരക്കാറുടെ വേഷമായിരുന്നു. 20-25 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു- ഫാസിൽ പറയുന്നു. ലൂസിഫറിലെ ഫസിലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.1988 ൽ പുറത്തിറങ്ങിയ ഇസബെല്ലയിലാണ് ആദ്യമായി ഫാസിൽ മുഖം കാണിച്ചത്.
മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമകളിലും ഫാസിൽ സിനിമ ഒരുക്കിയിരുന്നു. നവോദയ അപ്പച്ചൻ നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ഫാസിൽ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നും ഫാസിൽ ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. അനിയത്തി പ്രാവ്, മണിച്ചിത്രത്താഴ് , പപ്പയുടെ സ്വന്തം അപ്പൂസ്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങിയ ചിത്രങ്ങൾ ഇന്നു കാണുമ്പോൾ പ്രേക്ഷകർക്ക് പുതിയ അനുഭവാണ്