Monday, January 6, 2025
Movies

ദുല്‍ഖര്‍ സല്‍മാന് വിലക്ക്; നടനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

 

ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ നിര്‍മ്മിച്ച ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് നടപടി.  ഫിയോക്കിന്റെ യോഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളെ വിലക്കാന്‍ തീരുമാനിച്ചത്.

മാര്‍ച്ച് 18ന് സോണി ലൈവിലാണ് സല്യൂട്ട് റിലീസ് ചെയ്യുന്നത്. സല്യൂട്ട് ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കരറുണ്ടായിരുന്നു എന്നാണ് ഫിയോക് പറയുന്നത്. കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു.

കോവിഡ് പ്രതിസന്ധികള്‍ മാറി, തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ഈ സിനിമ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ഫിയോക് ദുല്‍ഖറിനെതിരെയും, നടന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെതിരെയും രംഗത്ത് വന്നിരിക്കുന്നത്. ദുല്‍ഖറിന്റെ ഒരു സിനിമകളും ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടാണ് ഫിയോക് എടുത്തിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ബോളിവുഡ് താരം ഡയാന പെന്റി ആണ് നായിക.  മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *