Sunday, January 5, 2025
Movies

ഇടറുന്ന വിരലുകളോടെ… പ്രണാമം ഡെന്നീസ്; മോഹന്‍ലാല്‍

 

തിരക്കഥാലോകത്തെ ഹിറ്റുകളുടെ തമ്പുരാൻ ഡെന്നീസ് ജോസഫ് വിടവാങ്ങി. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനെന്നു നടൻ മോഹന്‍ലാല്‍. ഡെന്നീസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ളകുറിപ്പിലാണ് മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ് എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനു വേണ്ടി ഈ വരികള്‍ കുറിക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്ന പോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും.

സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്‍്റെ തീയും പ്രണയത്തിന്‍്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…
പ്രണാമം ഡെന്നീസ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം ആയിരുന്നു ഡെന്നീസ് ജോസഫിന്റെ അന്ത്യം. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നാല്‍പ്പഞ്ചില്‍ അധികം സിനിമകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *