പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു
കോട്ടയം: പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫ് സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തെന്ന നിലയിലാണ് അറിയപ്പെടുന്നത്.
ഏതാനും സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി നിരവധി നടന്മാര്‍ മലയാളത്തില്‍ താരങ്ങളായത് ഡെന്നീസ് ജോസഫിന്റെ സിനിമകളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മമ്മുട്ടിയുടെ കരിയറില്‍ ബ്രേക്കായിരുന്നെങ്കില്‍ രാജാവിന്റെ മകനും മനു അങ്കിളും മോഹന്‍ലാലിനെ താരപദവിയിലെത്തിച്ചു. വാണിജ്യ സിനിമയുടെ നട്ടെല്ലായി അറിയപ്പെടുന്ന തിരക്കഥാകൃത്തുമാണ് അദ്ദേഹം.
കോട്ടയം ഏറ്റുമാനൂരില്‍ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1957 ല്‍ ജനിച്ചു. നടന്‍ ജോസ് പ്രകാശിന്റെ ബന്ധുവായിരുന്നു.