Thursday, January 2, 2025
Movies

ലൂസിഫറിനെയും കടത്തിവെട്ടി ഭീഷ്മപർവത്തിന്റെ ആറാട്ട്; റെക്കോർഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം

 

നീണ്ട ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ ആവേശം നിറച്ചെത്തിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവം’ റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളിൽ ഡിസ്ട്രിബ്യൂഷൻ ഷെയർ നേടിയെന്ന് നിർമാതാക്കളുടെ സംഘടനായ ഫിയോക്ക് വെളിപ്പെടുത്തി. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപർവത്തിന്റെ കുതിപ്പ്.

മലയാള സിനിമാചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ നേട്ടം കൈവരിക്കുന്നതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ആദ്യ നാലുദിവസത്തിനകം ചിത്രം 23 കോടിക്കു മുകളിൽ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ കളക്ഷൻ.

വാരാന്ത്യ കളക്ഷനിലും മലയാളചിത്രങ്ങളിൽ റെക്കോർഡിട്ടിരുന്നത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറായിരുന്നു. ഇതിലും ഒന്നാമതായിരിക്കുകയാണ് ഭീഷ്മപർവം.

406 സ്‌ക്രീനുകളിലായി 1,775 ഷോകളാണ് റിലീസ് ദിനത്തിൽ ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *