സജി ചെറിയാന്റെ മടങ്ങിവരവ് കേന്ദ്ര നേതൃത്വം ചർച്ച ചെയ്യേണ്ട ആവശ്യമില്ല: പ്രകാശ് കാരാട്ട്
സജി ചെറിയാന്റെ സംസ്ഥാന മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് കേന്ദ്ര നേതൃത്വം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് സിപിഐ എം പിബി അംഗം പ്രകാശ് കാരാട്ട്. സംസ്ഥാന ഘടകം അറിയിക്കുന്നതിന് മുൻപ് വിഷയത്തിൽ പ്രതികരിക്കാനില്ല. തീരുമാനമായാൽ സംസ്ഥാന ഘടകം അറിയിക്കുമെന്നും പിബി അംഗമായ എംഎ ബേബി പ്രതികരിച്ചു. തീരുമാനത്തെക്കുറിച്ച് അറിയാതെ തെറ്റായ സന്ദേശമാകുമോയെന്ന് പറയാനാവില്ലെന്നും എംഎ ബേബി മറുപടിയായി പറഞ്ഞു.
മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ജനുവരി നാലിന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു.
ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍ തന്നെ മടങ്ങിവരവിലും സജി ചെറിയാന് ലഭിക്കുമെന്നാണ് സൂചന. അതിനപ്പുറത്തേക്കുള്ള അഴിച്ചുപണി നിലവില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. വിവാദ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ ആറിനാണ് അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചത്.