Tuesday, April 15, 2025
Kerala

വിവാഹമോചനത്തിനായി മാനസികമായി പീഡിപ്പിച്ചു; കുഞ്ഞിനെ ദത്തു നല്‍കിയത് അനുപമയുടെ സമ്മതപ്രകാരമെന്നും അജിത്തിന്‍റെ ആദ്യഭാര്യ

 

തിരുവനന്തപുരം: അനുപമയും അജിത്തുമായുള്ള ബന്ധം ചോദ്യം ചെയ്തിരുന്നുവെന്ന് ആദ്യഭാര്യ നസിയ. സമ്മര്‍ദം മൂലമാണ് ഡിവോഴ്സ് ചെയ്തത്. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. വിവാഹമോചനത്തിന് തയ്യാറല്ല എന്നു പറഞ്ഞു അനുപമയെ കണ്ടിരുന്നു. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചത്. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്ന ന്യായീകരണമാണ് അന്ന് അജിത്ത് നൽകിയത്. അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തു നൽകിയത്.ആ സമ്മതപത്രം കണ്ടിരുന്നുവെന്നും നസിയ പ്രതികരിച്ചു.അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും നസിയ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം കുട്ടിയെ ദത്തു നല്‍കിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ 6 പേരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. ശിശുക്ഷേമ സമിതിയില്‍ നിന്ന് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ദത്തിന്‍റെ വിശദാംശങ്ങള്‍ തേടി അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പോലീസ് കത്ത് നല്‍കി. കുട്ടിയെ കൈമാറിയതായി പറയുന്ന 2020 ഒക്ടോബര്‍ മാസത്തെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത്. അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ കൈമാറിയെന്ന് അച്ഛനടക്കം നേരത്തെപൊലീസിനോട് പറഞ്ഞിരുന്നു.

കുഞ്ഞ് എവിടെയെന്ന ചോദ്യവുമായി അനുപമയും അജിത്തും സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. പരാതി അവഗണിച്ച ശിശുക്ഷേമ സമിതി അടക്കമുള്ള സംവിധാനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ഇപ്പോൾ പിന്തുണ അറിയിക്കുന്ന സി.പി.എം നേതാക്കൾ ഇടപെടാൻ കഴിയുന്ന ഘട്ടത്തിൽ മുഖം തിരിച്ചുവെന്ന് അനുപമ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *