Saturday, October 19, 2024
Kerala

ലൈസോൾ കുടിച്ച് പൊലീസ് സ്റ്റേഷനിൽ ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം

പൊലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.

പാറശാല ഷാരോൺ വധക്കേസിൽ കുടുംബം ഇന്ന് പൊലീസിൽ മൊഴി നൽകും. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലെത്തിയാകും മൊഴി നൽകുക. കൊലപാതകത്തിൽ ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം ഉറച്ച് നിൽക്കുകയാണ് ഷാരോണിന്റെ അച്ഛൻ. അതിനിടയിലാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.

‘ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട് വിളിക്കുമായിരുന്നു. വെട്ടുകാട് പള്ളിയിൽ പോയി താലികെട്ടി, സിന്ദൂരം തൊട്ടു. അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. അവളുടെ അമ്മയ്ക്കും അമ്മാവനുമാണ് കൊലപാതകത്തിൽ പങ്ക്. അമ്മാവനാണ് സാധനം വാങ്ങി നൽകിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നിൽ. ഷാരോൺ ഒരിക്കലും അവിടേക്ക് പോയി ബുദ്ധിമുട്ടിച്ചിട്ടില്ല. അവൻ എല്ലാം എന്നോട് തുറന്ന് പറയുമായിരുന്നു. താലികെട്ടിയത് മാത്രമേ മകൻ മറച്ച് വച്ചിട്ടുള്ളു. സിന്ദൂരം തൊട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരിടയ്ക്ക് അവർ ബ്രേക്ക് അപ്പ് ആയിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തത്’- ഷാരോണിന്റെ അച്ഛൻ ജയരാജൻ പറയുന്നു.

തിരുവനന്തപുരം പാറശാലയിൽ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചത് ഇന്നലെയാണ്. നിലവിൽ കേസിൽ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും എഡിജിപി പറഞ്ഞു.

‘ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയിൽ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തിൽ കലർത്തിയാണ് നൽകിയത്. അവിടെ വച്ച് തന്നെ ഷാരോൺ ഛർദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്’.

Leave a Reply

Your email address will not be published.