Tuesday, January 7, 2025
Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച തിങ്കളാഴ്ച

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തില്‍ കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. രാവിലെ 10.30നാണ് ചര്‍ച്ച നടക്കുക. ഗതാഗത മന്ത്രി ആന്റണി രാജുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഓണത്തിന് മുന്‍പ് ശമ്പളവും കുടിശികയും നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമുണ്ടായേക്കും.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നതാണ് ഏറെ ശ്രദ്ധേയം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്. 2021-22 കാലയളവില്‍ 2037 കോടിയില്‍പ്പരം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചെന്നും, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഓണം പടിവാതിലില്‍ എത്തിയെന്നും കെഎസ്ആര്‍ടിസി ജീവനക്കാരെ ഓണക്കാലത്ത് പട്ടിണിക്കിടാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു ശമ്പള വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍. ജീവനക്കാര്‍ക്ക് ശമ്പളവും, ഉത്സവ ബത്തയും നല്‍കുന്നതിന് സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ കൈമാറണമെന്നായിരുന്നു സര്‍ക്കാരിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം. എന്നാല്‍, സിംഗിള്‍ ബെഞ്ച് നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *