ഹൈക്കോടതി വിധിയിൽ പിഴവുണ്ട്, പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തത്കാലം തുടരാം; സുപ്രിം കോടതി
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് തത്കാലം തുടരാമെന്ന് സുപ്രിം കോടതി. നിയമനം സുപ്രിം കോടതിയുടെ അന്തിമ വിധിക്ക് വിധേയം. പ്രിയ വർഗീസ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് സുപ്രിം കോടതിയുടെ നോട്ടീസ്.
ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രിം കോടതി നിർദേശിച്ചു. പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രിം കോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്.
നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നല്കിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു.
തന്‍റെ നിയമനനടപടികൾ പൂർത്തിയായതായി പ്രിയ വർഗീസ് കോടതിയെ അറിയിച്ചു. നിയമനം തത്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നാണ് അപ്പീലിൽ വ്യക്തമാക്കുന്നത്. യൂജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും അപ്പീലിൽ പറയുന്നു.