കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്
കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്.
8 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈയ്മാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച സൂചന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തമിഴ്നാട് സ്വദേശിക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചത് എന്നുള്ള കാര്യമാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒരു കിലോ ആനക്കൊമ്പിന് 20 ലക്ഷം രൂപ എന്ന നിരക്കിൽ ഒരു കോടി 60 ലക്ഷം രൂപക്കാണ് ഇവർ ആനക്കൊമ്പ് ശേഖരിച്ചത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി കർശനമാക്കിയതായി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
വനം വിജിലൻസ്, കോഴിക്കോട് ഫ്ലയിങ്ങ് സ്ക്വാഡ്, വൈൽഡ് ലൈഫ് പ്രയം കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കെഎസ്ആർടിസി പരിസരത്ത് നിന്ന് പ്രതികളെ പിടികൂടിയത്.