Friday, January 10, 2025
Kerala

ലോക കേരള സഭയെ സ്വീകരിക്കാന്‍ ന്യൂയോര്‍ക്ക് നഗരം; പരിപാടിക്കായി 2,50,000 ഡോളര്‍ സംഭാവന നല്‍കി അമേരിക്കന്‍ മലയാളി വ്യവസായി

ജൂണ്‍ 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരള സഭയ്ക്ക് വേദിയാകാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് നഗരം. കേരള സര്‍ക്കാരിന്റെ ത്രിദിന ലോക കേരള സഭയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ മാരിയറ്റ് തയ്യാറെടുത്തുകഴിഞ്ഞു. ലോക കേരള സഭയുടെ ന്യൂയോര്‍ക്കിലെ പരിപാടിക്കായി മലയാളി ബിസിനസുകാരന്‍ രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് സംഭാവനയായി നല്‍കിയത്. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റാണ് ഡോ.ബാബു സ്റ്റീഫന്‍.

ലോക കേരള സഭയ്ക്കായുള്ള ധനസമാഹരണത്തില്‍ 2,50000 ഡോളറിന്റെ ചെക്ക് സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ക്ക് ഡോ.ബാബു സ്റ്റീഫന്‍ കൈമാറി. ‘അമേരിക്കയില്‍ നടക്കുന്ന ആദ്യ ലോക കേരള സഭാ ഉച്ചകോടിയാണിത്. ഒരു മലയാളി അമേരിക്കക്കാരന്‍ എന്ന നിലയില്‍ ഈ സംരംഭത്തെ പിന്തുണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്’. ബാബു സ്റ്റീഫന്‍ പറയുന്നു. ‘യുഎസിലെ മലയാളികള്‍ക്ക് പരസ്പരം ബന്ധം കാത്തുസൂക്ഷിക്കാനും സഹകരിക്കാനും ലോക കേരള സഭ അവസരമൊരുക്കും. ഉച്ചകോടി കേരളവും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള പ്രവാസികളും കേരളവും തമ്മിലുള്ള സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സമത്വം ഉറപ്പുവരുത്തിക്കൊണ്ട് കേരളീയര്‍ക്ക് ഒത്തുചേരാനുള്ള വേദിയൊരുക്കുക എന്നതാണ് ലോക കേരള സഭയുടെ പ്രാഥമിക ലക്ഷ്യം.

യുഎസില്‍ ലോക കേരള സഭയുടെ റീജ്യണല്‍ സമ്മേളനമാണ് നടക്കുന്നത്. ലോകബാങ്കുമായുള്ള ചര്‍ച്ചയും അമേരിക്കയില്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി ക്യൂബയും സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളിലേക്കും മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരുള്‍പ്പെട്ട സംഘവുമുണ്ട്. പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രി കെഎന്‍ ബാലഗോപാല്‍, നോര്‍ക റസിഡന്റ് വൈസ് ചെയര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തില്‍ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.

ലോക കേരള സഭാമേഖലാ സമ്മേളനത്തിന് ശേഷം അമേരിക്കന്‍ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറിലെ സദസ്സിനെ അഭിസംബോധന ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *