കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ഡെപ്യൂട്ടി കളക്ടർ
യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്താനും നിർദേശം നൽകിയിട്ടുണ്ട്.
വെടിക്കെട്ട് അപകടത്തിൽ ലൈസൻസിയെയും സ്ഥലമുടമയെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൈസൻസി ശ്രീനിവാസൻ, സ്ഥലമുടമ സുന്ദരേശൻ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് വിഭാഗം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പുക ഉയരുന്നത് കണ്ട് ഓടിയെത്തി വെള്ളം ഒഴിച്ചുകെടുത്താൻ ശ്രമിച്ച ചേലക്കര സ്വദേശി മണികണ്ഠനാണ് അപകടത്തിൽപെട്ടത്.
വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന നാല് തൊഴിലാളികളും കുളിക്കാനായി പോയതായിരുന്നു. എന്നാൽ പുക ഉയരുന്നത് കണ്ട് മണികണ്ഠൻ ഓടിയെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ സമീപത്ത് എത്താതിരുന്നതിനാൽ രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ വലിയ പ്രകമ്പനം ഉണ്ടായി. സമീപത്തെ വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. ജനൽചില്ലുകളും വാതിലുകളും തകർന്നു.