വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്തുന്ന മാർച്ചിനെതിരെ പൊലീസ്; നോട്ടീസ് നൽകി
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയും മാർച്ച് നടത്തുന്നതിനെതിരെ പൊലീസ്. ഹിന്ദു ഐക്യവേദിയുടെ മാർച്ചിനെതിരെ പൊലീസ് നോട്ടീസ് നൽകി. ഇന്ന് വൈകുന്നേരമാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്.
മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിന്റെ അനുമതി തേടാതെ മാർച്ച് നടത്താനായിരുന്നു വിഎച്ച്പി ശ്രമം.വൈദികരുടെ നേതൃത്വത്തിലെ സമരത്തിനെതിരെയുള്ള സമരം കൂടുതൽ സംഘർഷത്തിന് വഴിവെക്കുമോയെന്ന ഭീതിയുണ്ട്. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിക്കാൻ തീരുമാനമായി.