Thursday, January 9, 2025
Kerala

കേരള–തമിഴ്നാട് അതിർത്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം

ഇടുക്കി: ഇടുക്കിയിലെ കേരള–തമിഴ്നാട് അതിർത്തി മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വീണ്ടും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തു. മുണ്ടിയെരുമയിലെ പട്ടം കോളനി സർക്കാർ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി.

കല്ലാർ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ബിഹാർ സ്വദേശിക്കാണ് വിദഗ്ദ്ധ പരിശോധനയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോട് അടുത്തിടപഴകിയിരുന്ന ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുഴിത്തൊളുവിൽ 22 കാരിയായ ഇതര സംസ്ഥാന തൊഴിലാളിക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു വർഷം മുമ്പ് ഝാർഖണ്ടിൽ നിന്നും എത്തിയ ഇവരിപ്പോൾ ചികിത്സയിലാണ്. ഇവർക്കൊപ്പം രോഗ ലക്ഷണങ്ങളുള്ള മറ്റൊരാളെ കണ്ടെത്തിയെങ്കിലും തുടർ പരിശോധനക്ക് വിധേയമാകാതെ ഝർഖണ്ഡിലേക്ക് കടന്നു. ഇതോടെ ഇടുക്കിയിൽ കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണം ഒൻപതായി. ഇതിൽ ആറു പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. രോഗാണു ശരീരത്തിലെത്തിയാൽ രോഗ ലക്ഷണങ്ങൾ കാണിക്കാൻ അഞ്ചു വർഷം വരെ എടുക്കാറുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുഷ്ഠം മന്ത്, ഡെങ്കിപ്പനി എന്നിവ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി. തൊഴിലാളികളുടെ വിവരശേഖരണവും ആരംഭിച്ചു.

രോഗ ബാധ സ്ഥിരീകരിച്ച സ്ഥലത്തെ തൊഴിലാളികളോട് ജാഗ്രത പാലിക്കാനും പരമാവധി പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതിർത്തി മേഖലക്കൊപ്പം തൊഴിലാളികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങളിലും ക്യാമ്പുകൾ നടത്താനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം.രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *