Monday, January 6, 2025
Kerala

ഡിജിപി ടോമിന്‍ തച്ചങ്കരി നാളെ വിരമിക്കും

ഡിജിപി ടോമിന്‍ ജെ തച്ചങ്കരി തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. നാളെ രാവിലെ 7.40 ന് തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പോലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പും സംഘടിപ്പിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തില്‍ ജനിച്ച ടോമിന്‍ ജെ തച്ചങ്കരി 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. കേരള കേഡറില്‍ എ.എസ്.പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു.

എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കല്‍ സര്‍വ്വീസസ് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയി ജോലി നോക്കി. ഇടക്കാലത്ത് കേരളാ ബുക്ക്സ് ആന്‍റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, പോലീസ് ആസ്ഥാനം, കണ്ണൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഐ.ജി ആയിരിക്കെ കേരളാ മാര്‍ക്കറ്റ്ഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കേരളാ ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവിടങ്ങളില്‍ മാനേജിംഗ് ഡയറക്ടറായി.

പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ഐ.ജി ആയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായും പ്രവര്‍ത്തിച്ചു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റല്‍ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പോലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, ആംഡ് പോലീസ് ബറ്റാലിയന്‍, കോസ്റ്റല്‍ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പിയായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതല വഹിച്ചു.

കേരളാ ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍, കേരള പോലീസ് ഹൗസിംഗ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഫയര്‍ ആന്‍റ് റെസ്ക്യു മേധാവിയായും പ്രവര്‍ത്തിച്ചു. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലായിരുന്നു ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡി.ജി.പി ആയി.

Leave a Reply

Your email address will not be published. Required fields are marked *