Thursday, April 10, 2025
Kerala

സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ല; മന്ത്രി വി.എൻ. വാസവൻ

സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്നും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയും. കരിവന്നൂർ ക്രമക്കേടിൽ കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചില്ല.

ആര് ഭരിച്ചാലും, ക്രമക്കേട് എവിടെ കണ്ടാലും സർക്കാർ ഇടപെടും. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് ശക്തവും കൃത്യവുമാണ്. 38 കോടി 75 ലക്ഷം രൂപ നിക്ഷേപകർക്ക് കൊടുത്തു കഴിഞ്ഞു. യാതൊരു തരത്തിലുള്ള ആശങ്കയും നിക്ഷേപകർക്ക് വേണ്ടെന്നാണ് പറയാനുള്ളത്. സമീപകാല ഭാവിയിൽ തന്നെ പണം മടക്കി കിട്ടും.

കരിവന്നൂർ സംഭവം വെച്ച് എല്ലാത്തിനെയും സാമാന്യവൽക്കരിക്കുന്നത് ശരിയായ നടപടിയില്ല. നിയമത്തിൻ്റെ പഴുതുകളുപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരും. കുറ്റമുറ്റ നിയമം കൊണ്ടുവരുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ട് വരാനാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ട് വരും. നിക്ഷേപക ഗ്യാരണ്ടി അഞ്ച് ലക്ഷമായി ഉയർത്തുമെന്നും തെറ്റായ പ്രചാരണങ്ങൾക്കെതിരെ സഹകാരികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് മൂന്നാം പ്രതിയും ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സ് വെളിപ്പെടുത്തി. ബാങ്കിലെ ക്രമക്കേടില്‍ സെക്രട്ടറിക്കും ഭരണസമിതിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തം. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത്. ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും ജില്‍സ് ട്വന്റിഫോറിനോട് പറഞ്ഞു.

കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് ആയി എത്തിയ ജില്‍സ് പിന്നീട് സീനിയര്‍ ക്ലര്‍ക്കായി. അവിടെ നിന്നും അക്കൗണ്ടന്റും. ഭരണസമിതിയുടെയും സെക്രട്ടറിയുടെയും തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും ബാങ്കില്‍ നടക്കുന്ന മറ്റ് കാര്യങ്ങളിലോ, ലോണിന്റെ കാര്യങ്ങളിലോ ഇടപെട്ടിരുന്നില്ലെന്നും ജില്‍സ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *