പുതിയ സംരംഭങ്ങൾ ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് മന്ത്രി വി എൻ വാസവൻ. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച വനിതാ സംരംഭകത്വം സഹകരണ ബാങ്കുകളിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്ത് സഹകരണ സംഘങ്ങൾക്കായി പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള പുതിയ സംരംഭകത്വങ്ങളാണ് പത്ത് വനിതാ സഹകരണ സംഘങ്ങളിൽ ആരംഭിച്ചത്.
സംസ്ഥാനത്ത് സംരംഭക മേഖലയിൽ മികച്ച മുന്നേറ്റമാണ് വനിതകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം ലാഭവിഹിതത്തിൽ നിന്നും നിന്നും നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വായ്പകൾ തിരിച്ചടയ്ക്കുന്നതിനും പ്രവർത്തനങ്ങൾക്കായി നൽകുന്ന പണം കൃത്യമായി വിനിയോഗിക്കുന്നതിലും വനിതകൾ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ സഹകരണ സംഘങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിതരണം ചെയ്തതോടെയാണ് പൊതു വിപണിയിൽ ഇവയുടെ വില കുറഞ്ഞത്. സഹകരണ മേഖലയും പൊതുമേഖലയും നടത്തുന്ന ഇടപെടലാണ് സാധാരണക്കാർക്ക് സഹായമാകമാകുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പൾസ് ഓക്സിമീറ്ററിന് 3000 രൂപയായിരുന്നു സ്വകാര്യ കമ്പനികൾ ഈടാക്കിയിരുന്നത്. സഹകരണ സംഘങ്ങൾ ആദ്യം 1200 രൂപയ്ക്കും പിന്നീട് 500 രൂപയ്ക്കും നൽകി. ഇതോടെ പൊതുവിപണിയിലും വിലകുറഞ്ഞു. 1200 രൂപ ഈടാക്കിയിരുന്ന പിപിഇ കിറ്റുകൾ ഇപ്പോൾ 200 രൂപയ്ക്കു ലഭിക്കും. ഇതും സഹകരണ മേഖലയിലെ സംരംഭകത്വങ്ങളുടെ ഇടപെടലുകളെ തുടർന്നാണെന്ന്’ അദ്ദേഹം അറിയിച്ചു.
‘സംസ്ഥാനത്തെ വിവിധ മേഖലകളിൽ സഹകരണ മേഖലയുടെ ഇടപെടലുകൾ വ്യാപിക്കുകയാണ്. സമൂഹത്തിലെ സാധാരണക്കാരന്റെ ഉന്നമനം ലക്ഷ്യം വച്ചുള്ള ഈ ഇടപെടലുകൾ വലിയ നേട്ടങ്ങൾ സൃഷ്ടിക്കും. വരും ദിവസങ്ങളിൽ യുവാക്കളുടെ സഹകരണ സംഘങ്ങൾ ഉദ്ഘാടനം ചെയ്യും. അവരുടെ ഇടപെടലുകൾ പുത്തൻ ദിശാബോധം നൽകും. നെൽകർഷകരുടെ സഹകരണ സംഘങ്ങൾ സംഭരണവും വിതരണവും കൂടി വ്യാപമാക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്നും’ മന്തി കൂട്ടിച്ചേർത്തു.