Monday, January 6, 2025
Kerala

ട്രോളിങ് നിരോധനത്തിന്റെ പൂട്ടു തുറക്കുന്നു; നാളെ മുതല്‍ മത്സബന്ധനം നടത്താം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍

കൊല്ലം: ജൂലൈ 31ന് ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ വറുതിയുടെ കാലഘട്ടം കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. കൊവിഡ് നിയന്ത്രണങ്ങള്‍, കടലാക്രമണം തുടങ്ങി, വളരെ ദുരിത കാലഘട്ടമായിരുന്നു മത്സ്യത്തൊഴിലാളികള്‍ പിന്നിട്ടത്.

ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ കടലും കാലാവസ്ഥയും ഒപ്പം സര്‍ക്കാരും കനിഞ്ഞില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് കടലോരമാകെ. ഇന്ധന വിലവര്‍ധന, കൊവിഡ് മാനദണ്ഡങ്ങള്‍, ഐസ് വിലവര്‍ധന അങ്ങനെ ഒരുപാട് പ്രതിസന്ധികളും ഇവരുടെ മുന്നിലുണ്ട്. വലയിലായ മീനുമായി കരയ്‌ക്കെത്തിയാല്‍ വില്‍പ്പന നടത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ തിരിച്ചടിയാകുമോയെന്ന ഭയവും ഇവരെ അലട്ടുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ കടലാക്രമണമുണ്ടായി. ഇപ്പോഴും കടലാക്രമണ ഭീതി നിലനില്‍ക്കുകയാണ്. അത് കൊണ്ട് തന്നെ ചാകരക്കോള് കിട്ടാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഡീസലിനും ഐസിനും വിലകൂടി. 25,000 രൂപ പെര്‍മിറ്റിന് അടയ്ക്കണം. ക്ഷേമനിധിയിലേക്കും പതിനായിരം രൂപ നല്‍കണം .ഇന്‍ഷുറന്‍സ്, അറ്റകുറ്റപണികള്‍ക്കുള്ള പണം വേറെയും വേണം. മറ്റു ചെലവുകള്‍ക്കുള്ള തുകയും കണ്ടെത്തണം.

ദിവസങ്ങളോളം നിര്‍ത്തിയിട്ട ബോട്ടുകള്‍ക്കുള്ള അറ്റകുറ്റപ്പണിക്കു വരെ പലര്‍ക്കും പണം തികയുന്നില്ല. എങ്കിലും കടം വാങ്ങിയും ലോണ്‍ എടുത്തും മറ്റും എല്ലാം ഒരുക്കിക്കഴിഞ്ഞു. നിലവില്‍ ചെറുവള്ളങ്ങള്‍ക്ക് ധാരാളം മത്സ്യം ലഭിക്കുന്നുണ്ട്. ഇത് ട്രോളിങ് നിരോധനം കഴിഞ്ഞിറങ്ങുന്ന വലിയ ബോട്ടുകള്‍ക്കും കിട്ടുമെന്നാണ് പ്രതീഷ.

Leave a Reply

Your email address will not be published. Required fields are marked *