Saturday, October 19, 2024
Kerala

കാട്ടാക്കട കോളേജ് യുയുസി വിവാദം: വിദ്യാർത്ഥി നേതാവിനും പ്രിൻസിപ്പലിനും മുൻകൂർ ജാമ്യമില്ല; ഹർജികൾ തള്ളി

കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ യുയുസി ആൾമാറാട്ട കേസിൽ രണ്ട് പ്രതികളുടെയും മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തളളി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജിയാണ് തളളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി, പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല വിധി നിലനിർത്തിക്കൊണ്ടാണ് കേസ് ഇന്ന് വിധി പറയാനായി മാറ്റിവെച്ചത്.

ആൾമാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ പ്രിൻസിപ്പൽ ഷൈജു കോടതിയിൽ വാദിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനഖ എന്ന വിദ്യാർഥിനി രാജി വെച്ച കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകളുമുണ്ട്. മാത്രവുമല്ല ഒന്നാം പ്രതിയായ വിശാഖിനെ നീക്കണം എന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കത്ത് നൽകിയിരുന്നെന്നും പ്രിൻസിപ്പൽ അറിയിച്ചു. തെരഞ്ഞെടുപ്പെട്ട ഒരാൾ രാജിവെച്ചാൽ പകരം ഒരാളെ നിയോഗിക്കാതെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലേ വേണ്ടതെന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു.

കോളജിൽ നിന്ന് യൂണിവേഴ്സ്റ്റി യൂണിയൻ കൗൺസിലിലേക്ക് ജയിച്ച എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർഥിനിയെ ഒഴിവാക്കി എസ്എഫ്ഐ നേതാവായ വിശാഖിനെ ഉൾപ്പെടുത്തിയെന്നാണ് കേസ്. ആൾമാറാട്ടത്തിന് സഹായിച്ചെന്നാണ് പ്രിൻസിപ്പലിനെതിരായ കുറ്റം. എന്നാൽ അനഖ രാജിവെച്ച ഒഴിവിൽ പൊതുവായ ആവശ്യത്തെ തുടർന്ന് തന്നെ യുയുസിയാക്കിയതാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമാണ് വിശാഖ് കോടതിയിൽ വാദിച്ചത്.

Leave a Reply

Your email address will not be published.