Wednesday, April 16, 2025
Kerala

ആടിയുലഞ്ഞ് പൂരനഗരി; കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറി ഇലഞ്ഞിത്തറമേളം

തൃശൂരില്‍ ആവേശമായി പൂരങ്ങളുടെ പൂരപ്പെരുമഴ. താള മേള വാദ്യങ്ങളോട് ഇലഞ്ഞിത്തറ മേളം കൊഴുക്കുകയാണ്. കിഴക്കൂട്ട് അനിയന്മാരാരാണ് ഇത്തവണ മേളപ്രമാണി. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം. 250ലധികം കലാകാരന്മാരാണ് ഇലഞ്ഞിത്തറമേളത്തിന്റെ ഭാഗമാകുന്നത്. ഇതാദ്യമായാണ് കിഴക്കൂട്ട് അനിയന്‍ മാരാണ് മേളപ്രമാണിയാകുന്നത്.

ഇടംതല-വലംതല ചെണ്ടയ്‌ക്കൊപ്പം കൊമ്പും കുറുകുഴലും ഇലത്താളവുമായി മേളം കൊഴുക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത് പൂരപ്രേമികളെ അത്യാവേശത്തിലാക്കി. രാമനെ കാണാന്‍ വഴിയില്‍ ഉടനീളെ ആള്‍കൂട്ടം തിങ്ങിനിറഞ്ഞു.

പൂരപ്രേമികളുടെ ഹീറോ ഗജരാജന്‍ രാമനെ കാണാന്‍ വഴിയില്‍ ഉടനീളം ആളുകള്‍ കാത്ത് നിന്നു. രാമന്‍ രാമന്‍ എന്ന ആര്‍പ്പുവിളികളോടെ ആന പ്രേമികള്‍ തെച്ചികോട്ട് കാവ് രാമചന്ദ്രനെ വരവേറ്റു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലില്‍ എത്തിയപ്പോള്‍ അവിടം ജനനിബിഡമായി. ആരാധകര്‍ ചുറ്റും നിരന്നു. പാണ്ടിമേളത്തോടെ പൂരാവേശം രാമനൊപ്പം കൊട്ടിക്കയറി.

ഇക്കുറി കോങ്ങാട് മധുവായിരുന്നു പഞ്ചവാദ്യത്തിന്റെ അമരത്ത്. നൂറുകണക്കിനാളുകളാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് സാക്ഷ്യം വഹിക്കാന്‍ തടിച്ചുകൂടിയത്. നടവില്‍ മഠത്തിലെ ഇറക്കിപൂജയ്‌ക്കൊടുവില്‍ പാണികൊട്ടി തിരുവമ്പാടി ഭഗവതിയുടെ വടക്കുനാഥനിലേക്കുള്ള യാത്ര പൂരപ്രേമികളുടെ രോമാഞ്ചമായി. മഠത്തിന് സമീപമൊരുക്കിയ പന്തലില്‍ തിമിലയില്‍ പതികാലത്തില്‍ ഒരു താളവട്ടം.. അത് പിന്നെ മദ്ദളത്തിലേക്കും മദ്ദളത്തില്‍ നിന്ന് ഇടയ്ക്കയിലേക്കും. പിന്നെ കൂട്ടിക്കൊട്ടയായി, ആവേശത്തിമിര്‍പ്പായി. ഒടുവില്‍ കൊമ്പും ഇലത്താളവും ചേരുന്ന ഘോഷം ആള്‍ക്കൂട്ടം അന്തരീക്ഷത്തില്‍ വിരലുകള്‍ ചുഴറ്റിയാവേശമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *