Saturday, October 19, 2024
Kerala

നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അന്തരിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർക്കൊപ്പം രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി മാമുക്കോയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്.

മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്ന് മുഖ്യമന്ത്രി കോഴിക്കോടുള്ള മാമുക്കോയയുടെ വീട്ടിലെത്തിയത്. മാമുക്കോയയുടെ മക്കളും ഭാര്യയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. അവരുമായി സംസാരിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഔദ്യോഗിക പരിപാടികളുമായി മുഖ്യമന്ത്രി ഇന്ന് ജില്ലയിലുണ്ട്.

അതേസമയം മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വി.എം വിനുവിന്റെ പരാമർശം വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കൾ പറഞ്ഞു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി പോകുന്നതിനോട് ഉപ്പാക്കും താല്പര്യമുണ്ടായിരുന്നില്ല. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുൽ റഷീദും പറഞ്ഞു.

Leave a Reply

Your email address will not be published.