Friday, April 25, 2025
Kerala

‘ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു’; വിമര്‍ശനവുമായി എ എൻ ഷംസീർ

കണ്ണൂര്‍: ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് പേരുമാറ്റൽ മഹാമാരിയാണെന്നും അതിന് ഉദാഹരണമാണ് മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതെന്നും എ എൻ ഷംസീർ വിമര്‍ശിച്ചു. പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൈയ്യെഴുത്ത് മാസിക പ്രദര്‍ശന പരിപാടിയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു എ എൻ ഷംസീർ.

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്ന ഒറ്റപ്പേരിൽ അറിയപ്പെടുമെന്ന് രാഷ്ട്രപതി ഭവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷികാഘോഷത്തിൻ്റെ ഭാഗമായിട്ടായിരുന്നു പേര് മാറ്റം. ദില്ലിയിലെ പ്രശസ്തമായ രാജ്പഥിന്‍റെ പേര് കഴിഞ്ഞ വർഷം സർക്കാർ ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. പേര് മാറ്റിയ കേന്ദ്ര നടപടിയെ കോൺഗ്രസ് വിമർശിച്ചു. മുഗൾ ഗാർഡനെന്ന പേര് മാറ്റി അമൃത് ഉദ്യാനാക്കിയതിന് പിന്നിൽ കേന്ദ്ര സർക്കാരിൻ്റെ ഇടുങ്ങിയ മനസ്ഥിതിയാണെന്ന് കോൺഗ്രസ് വക്താവ് റാഷിദ് അൽവി വിമർശിച്ചിരുന്നു. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐയും വിമർശനം ഉന്നയിച്ചു. എന്നാൽ കൊളോണിയൽ വിധേയത്വം ഉപേക്ഷിക്കുന്നതിൻ്റെ ഭാഗമാണ് തീരുമാനമെന്നായിരുന്നു ബിജെപി പക്ഷം.

1928 ൽ എഡ്വിൻ ലുറ്റേൻസാണ് അന്ന് വൈസ്റോയി എസ്റ്റേറ്റ് എന്ന് വിളിച്ചിരുന്ന രാഷ്ട്രപതി ഭവനും മുഗൾ ഗാർഡനും രൂപ കല്പന നടത്തിയത്. മുഗൾ, ഇംഗ്ലീഷ് പൂന്തോട്ട ശൈലികൾ സമന്വയിപ്പിച്ചായിരുന്നു രൂപകല്പന. മുഗൾ സംസ്കാരമാണ് ഇന്ത്യയിൽ ഉദ്യാനങ്ങളുടെ പ്രാധാന്യം കൂട്ടിയതെന്നും, അത് കൊണ്ടാണ് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അന്ന് മുഗൾ ഗാർഡൻ എന്ന് പേര് വന്നതുമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *