Sunday, April 27, 2025
Kerala

ഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി

സ്കൂളുകളിൽ അധ്യാപക നിയമനത്തിൽ എയ്ഡഡ് മാനേജ്മെൻറ്കളുടെ അധികാരത്തിന് നിയന്ത്രണം. ഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം ഇനി മുതൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരിക്കണമെന്ന് സർക്കാർ ഉത്തരവ്. എംപ്ലോയ്‌മെന്റ് ഓഫീസര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ. ആദ്യ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിർബന്ധമാക്കികൊണ്ടുളള കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്റെ സുപ്രധാന തീരുമാനം. ഭിന്നശേഷിക്കാർക്ക് എയ്ഡഡ് മാനേജ്മെന്റുകൾ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന നിയമനങ്ങൾ ഇനിമുതൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിയമനത്തിനായി എംപ്ലോയ്മെൻറ് ഓഫീസർക്ക് സ്കൂൾ മാനേജ്മെൻറ് അപേക്ഷ നൽകണം.

എംപ്ലോയ്മെൻറ് ഓഫീസർ നൽകിയ പട്ടികക്കനുസരിച്ച് മാത്രമേ നിയമനം നൽകാൻ പാടുള്ളൂ. നിയമനത്തിന് ശേഷം പട്ടികയും നിയമന പ്രൊപ്പോസലും സര്‍ക്കാരിന് കൈമാറണം. ഇത് പരിശോധിച്ച് ഉറപ്പാക്കിയതിനുശേഷമാകും നിയമന അംഗീകാരം നൽകുക. യോഗ്യരായവരില്ലെങ്കിൽ ഓഫീസറുടെ നോൺ അവയ്‌ലബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്‌ക്ക് മാനേജർ പത്രപരസ്യം നൽകണം. തുടർന്നും ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ പിആർഡബ്ല്യുഡി ആക്ട് 2016ലെ വ്യവസ്ഥകൾ പാലിച്ച് നിയമനം നടത്താം.

ഒഴിവുകൾ പ്രൈമറി തലം മുതൽ 7 വിഭാഗങ്ങളായി തിരിച്ചിരിക്കണം. 1996 ഫെബ്രുവരി ഏഴുമുതൽ 2017 ഏപ്രിൽ 18വരെ ഉണ്ടായ ഒഴിവുകളുടെ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള നാലു ശതമാനവും കണക്കാക്കണം. ആദ്യ ഒഴിവ് ദിന്നശേഷി ക്കാർക്കായി നീക്കിവയ്‌ക്കണം. ഭിന്നശേഷി നിയമനനടപടികൾ എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാരിന്റെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *