Thursday, January 9, 2025
Kerala

യുഡിഎഫ് യോഗം ഉമ്മൻചാണ്ടിയും ചെന്നിത്തലയും ബഹിഷ്‌കരിച്ചു; തിരുവനന്തപുരത്ത് ഉണ്ടായിട്ടും എത്തിയില്ല

തിരുവനന്തപുരം: സർക്കാരിനെതിരായ സമരങ്ങൾ കൂടുതൽ കടുപ്പിക്കാനായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ നിന്ന് ഇവർ വിട്ട് നിൽക്കുകയായിരുന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ നിന്ന് വിട്ടുനിന്നത്.

അതേസമയം കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യുഡിഎഫ് ഒരുങ്ങുന്നു. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സമരം. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. അട്ടപ്പാടി ശിശുമരണത്തിലും സമരം നടത്താൻ തീരുമാനമായി. കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ഉയർത്തി പ്രക്ഷോഭം സംഘടിപ്പിക്കാനും യുഡിഎഫ് യോഗത്തിൽ തീരുമാനമായി. തുടർച്ചയായി ശിശു മരണം റിപ്പോർട്ട് ചെയ്യുന്ന അട്ടപ്പാടി വിഷയവും പൊതു ശ്രദ്ധയിലേക്ക് കൊണ്ട് വരാൻ യുഡിഎഫ് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി യുഡിഎഫ് പ്രതിനിധി സംഘം അട്ടപ്പാടി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *